Sunday, January 14, 2007

ഖത്തര്‍..ചില പുരാതനചിത്രങ്ങള്‍!

അസ്സലാകപ്പാടെ നോക്കിയാല്‍ 11,400 സ്ക്വയര്‍ കിലോമീറ്ററേ ഖത്തറിനുള്ളൂ! കഴിഞ്ഞ വെള്ളിയാഴ്ച, ഓഫാക്കി വെയ്ക്കാന്‍ മറന്ന അലാറം ഹേതുവായി, തണുത്ത പുലര്‍കാലേ 4.30 ന് ഞെട്ടി എഴുനേറ്റപ്പോള്‍, “ഏതായാലും ഉറക്കം പോയി, ന്നാ പുറപ്പെട്ടു പോകാം” എന്നങ്ങ് കരുതിയത്, ഏതു ഭാഗത്തേക്ക് വണ്ടി വിട്ടാലും ഉച്ചയ്ക്കു മുന്‍പേ തിരിച്ചെത്താം എന്ന ധൈര്യത്തിലാണ്! “എന്റെ ഉറക്കമോ പോയിക്കിട്ടി, ന്നാ അവന്മാരങ്ങനെ ഉറങ്ങണ്ട” എന്നൊരു സ്നേഹ വാത്സല്യ ചിന്ത ഉള്ളില്‍ തികട്ടി വന്നത് കാരണം വേറെ രണ്ട് പോട്ടമ്പിടുത്തച്ചങ്ങാതിമാരെയും വിളിച്ചു. “പണ്ടാരടങ്ങാന്‍, നിനക്ക് പ്രാന്താ...” തുടങ്ങിയ സുപ്രഭാതോക്തികള്‍ പറഞ്ഞതിനു ശേഷം...”ന്നാ പോകാ റൈറ്റ്...” എന്ന ഡബിള്‍ ബെല്‍ കേട്ടപ്പഴാ ആലോചിച്ചെ, എങ്ങടാ പോവ്വാന്ന്! എന്തായാലും ഇറങ്ങി എന്നാ വണ്ടി വടക്കോട്ട് തന്നെ പോട്ടെന്നങ്ങു കരുതി...അങ്ങനെ പോയിപ്പോയി എത്തിയത് സുബാറയിലെ കോട്ടയില്‍!

കോട്ട കണ്ടിട്ട് ഇതേതോ ചിരപുരാതന സംഭവമാണെന്നൊന്നും കരുതിക്കളയണ്ട....ഇവനെ പണികഴിപ്പിച്ചത് 1938 ല്‍, എന്നു വെച്ചാല്‍ ഒരുത്തരാധുനികന്‍. പക്ഷേ സുബാറയില്‍ ഒരു കോട്ടയും ഒരു തീരദേശ ഗ്രാമവും 17 ആം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. കോട്ട എവിടെയായിരുന്നു എന്നതിന് ഒരു ക്ലൂ പോലും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ അവിടെയുണ്ടായിരുന്ന ഒരു മുക്കുവ ഗ്രാമത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ അടുത്തകാലത്ത് ഖത്തര്‍ ആര്‍ക്കിയോളജി വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും 107 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്ന അല്‍ സുബാറ.

കോട്ടയും പിന്നിട്ട വീണ്ടും ഒരു പത്തിരുപത് കിലോമീറ്റര്‍ ഡ്രൈവിംഗ്. ......പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍! സ്ഥലം അല്‍ഗമാല്‍.

ഗതകാല പ്രൌഡിയോടെ....

ഇതൊരു പള്ളിയായിരുന്നു.....

പഴമയിലേക്കൊരു ജാലകം....

റഫീഖ് മഞ്ചയില്‍, അബ്ദുള്‍ റാസിക് പിന്നെ ഞാനും