Thursday, December 07, 2006

ഗെയിംസ് വിശേഷങ്ങള്‍

ഇന്നലെ വരെ പ്രസന്നമായിരുന്ന കാലാവസ്ഥ ഇന്നു മുഖം കറുപ്പിച്ചു. ദോഹയുടെ ആകാശം മൂടിക്കെട്ടി നില്‍പാണിപ്പോള്‍. ഇടവിട്ട്‌ പെയ്യുന്ന മഴയ്ക്കുമുന്നില്‍ അത്‌ലറ്റുകളും ഒഫീഷ്യല്‍സും കാത്തിരിക്കുന്നു. മാനം തെളിയാന്‍. ഇന്‍ഡോര്‍ ഗെയിംസ്‌ ഇനങ്ങളായ ബാഡ്മിന്റണ്‍, വോളിബാള്‍, ചെസ്സ്‌ തുടങ്ങി ഏതാനും മത്സരങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മിക്കവാറും എല്ലാ ഇനങ്ങളും ഇതുവരെ തുടങ്ങാനായിട്ടില്ല. ഇന്ത്യയ്ക്ക്‌ ഒരു മെഡല്‍ ഉറപ്പായ വനിതാ ടീം ടെന്നീസും ഇതിലുള്‍പ്പെടും.ഇന്നലെ മീഡിയ സെന്ററില്‍ ചര്‍ച്ചാവിഷയം ഇന്‍ഡ്യന്‍ ഫുട്ബാള്‍ ടീമിന്റെ പ്രകടനമായിരുന്നു. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും നിലവിലുള്ള ജേതാക്കളായ ഇറാനെതിരെ വീരോചിതം പൊരുതിയാണ്‌ ഇന്ത്യ കീഴടങ്ങിയത്‌. കളിയുടെ എഴുപത്തിയെട്ടാം മിനിറ്റ്‌ വരെ ചാമ്പ്യന്മാരെ വരച്ച വരയില്‍ നിര്‍ത്തിയ ഇന്ത്യ, കഴിഞ്ഞ കളിയില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട്‌ പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ ബൈചുങ്ങ്‌ ബൂട്ടിയയെ കൂടാതെയാണ്‌ കളത്തിലിറങ്ങിയത്‌. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ്‌ നന്ദിയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ ആവേശം പകര്‍ന്ന കാണികളുടെ പിന്തുണയോടെ ആക്രമിച്ചു കളിച്ച ഇന്ത്യക്ക്‌ രണ്ടു തവണ നിര്‍ഭാഗ്യം കൊണ്ടാണ്‌ സ്കോര്‍ ചെയ്യാന്‍ കഴിയാതെ പോയത്‌.നാല്‍പത്തിയെട്ടാം മിനിട്ടിലും അന്‍പത്തിയാറാം മിനുട്ടിലും ഇറാന്‍ ഗോള്‍കീപ്പര്‍ ഹസ്സന്‍ റൂദ്ബാരിയെ വിറപ്പിച്ച മന്‍ജിത്‌ സിങ്ങിന്റെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടിരുന്നെങ്കില്‍ എന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു പോയിരിക്കണം. പ്രത്യേകിച്ചും സമീപകാല മോശം പ്രകടനങ്ങളുടെ വെളിച്ചത്തില്‍ ഏഷ്യന്‍ ഗെയിംസിന്‌ പങ്കെടുപ്പിക്കേണ്ട എന്ന് ഇന്ത്യന്‍ അധികാരികള്‍ വിധിയെഴുതിയ ഒരു ടീമിന്റെ കാര്യത്തില്‍!


ടെന്നീസ്‌ കോര്‍ട്ടില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നാണക്കേടിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. ലിയാന്‍ഡര്‍ പേസും മഹേഷ്‌ ഭൂപതിയും തമ്മിലുള്ള അസ്വാരസ്യം മൂലം ഇന്നലെയും ഖലീഫ ടെന്നീസ്‌ കോമ്പ്ലക്സില്‍ ചൂടന്‍ രംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവന്നു. മൂന്നാം നമ്പര്‍ കോര്‍ട്ടില്‍ മഹേഷ്‌ ഭൂപതിയുടെ ഫിറ്റ്‌നസ്‌ ട്രയലിനിടെയായിരുന്നു പുതിയ സംഭവ വികാസങ്ങള്‍. വ്യക്തിഗത ഡബിള്‍സില്‍ തനിക്കു കൂട്ടായി മഹേഷ്‌ ഭൂപതിക്കുപകരം രോഹന്‍ ഭൂപണ്ണ മതിയെന്ന ലിയാന്‍ഡറിന്റെ വാദം ഇന്‍ഡ്യന്‍ ടീം അധികൃതര്‍ ചെവിക്കൊള്ളാതിരുന്നത്‌ ഇന്‍ഡ്യന്‍ ക്യാപ്റ്റനെ ക്ഷുഭിതനാക്കിയിരിക്കുന്നു എന്നത്‌ സ്പഷ്ടം. ട്രയല്‍സില്‍ ഇരുവരും ഒന്നിച്ചാണ്‌ കളിച്ചതെങ്കിലും പരസ്പരം മുഖത്തുപോലും നോക്കാതെയാണ്‌ ഇരുവരും മത്സരം പൂര്‍ത്തിയാക്കിയത്‌. മത്സരത്തിനു ശേഷം നെറ്റിനടുത്തുവെച്ച്‌ അത്ര സുഖകരമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതും കാണാമായിരുന്നു. ശിഖാ ഓബറോയിയോടൊത്ത്‌ മിക്സഡ്‌ ഡബിള്‍സില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും മഹേഷ്‌ ഭൂപതി സൂചിപ്പിച്ചിരുന്നു. ട്രയല്‍സ്‌ കഴിഞ്ഞ്‌ കടന്നല്‍ കുത്തിയ പോലെയുള്ള മുഖഭാവവുമായി പുറത്തിറങ്ങിയ മഹേഷ്‌ ഭൂപതി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ "ക്യാപ്റ്റനോട്‌ ചോദിക്കൂ" എന്നു മാത്രം ഉത്തരം നല്‍കി. എന്തായാലും ഇന്‍ഡ്യന്‍ ടീം അധികൃതര്‍ ഇന്നലെ രാത്രി നല്‍കിയ വിവരമനുസരിച്ച്‌ ഇരുവരും ഡബിള്‍സില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്‌. മിക്സഡ്‌ ഡബിള്‍സില്‍ ബ്ഭൂപതി ശിഖാ ഒബ്രോയിയോടൊപ്പം കളിക്കുമെന്നും. ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ ശിഖയുടെ മിന്നുന്നകളികണ്ടവര്‍ക്ക്‌ ഒരു കാര്യം ഉറപ്പിക്കാം. ആ താരത്തിന്റെ കഴിവുകുറവുകൊണ്ട്‌ ഇന്‍ഡ്യ മിക്സഡ്‌ ഡബിള്‍സില്‍ തോല്‍ക്കില്ല. മഹേഷിന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു വിവാദനായകന്‍ രാജ്യവര്‍ധന്‍ രാത്തോഡ്‌ ഓര്‍ഗെനൈസിംഗ്‌ കമറ്റിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്‌ ഗെയിംസ്‌ അധികൃതര്‍ അയച്ച കത്തിന്‌ ഇന്‍ഡ്യന്‍ അധികാരികള്‍ മറുപടിനല്‍കി. രാത്തോഡ്‌ ഉത്തരവാദിത്ത്വമുള്ള അത്‌ലറ്റാണെന്നും അദ്ദേഹം അത്തരത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും പിന്നെ ഖത്തറും ഇന്‍ഡ്യയും തമ്മിലുള്ള സൗഹൃദവുമെല്ലാം വിശദീകരിച്ചെഴുതിയ മറുപടി തല്‍ക്കാലം വിവാദത്തെ ഒന്നു തണുപ്പിക്കും എന്നു കരുതാം. പ്രത്യേകിച്ച്‌ ഈ ഗെയിംസ്‌ ഖത്തറിലെത്തിക്കാനുള്ള ശ്രമത്തില്‍ മലേഷ്യയുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിക്കാന്‍ ഇന്‍ഡ്യയാണ്‌ ഖത്തറിന്‌ സര്‍വവിധ പിന്തുണയും നല്‍കിയത്‌ എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍!

ഖലീഫാ സ്റ്റേഡിയത്തില്‍ ആവേശങ്ങള്‍ക്ക്‌ തിരികൊളുത്താന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ ഇനങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. മഴയുണ്ടായിട്ടും പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരം കോര്‍ണീഷില്‍ പൂര്‍ത്തിയായി.ചൈനയുടെ ഹാന്‍ യൂഷെങ്ങ്‌ സ്വര്‍ണ്ണം നേടി. 87 സ്വര്‍ണ്ണവും,44 വെള്ളിയും, 20 വെങ്കലവുമായി ചൈന ബഹുദൂരം മുന്നിലാണിപ്പോള്‍. ഇന്ന് ജസ്പാല്‍റാണ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ സമ്പാദ്യം നാലായി ഉയര്‍ന്നു.കൂടെ എട്ട്‌ വെള്ളിയും എട്ട്‌ വെങ്കലവുമായാല്‍ ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്താണുള്ളത്‌.

അതിനിടെ മഴമൂടിക്കെട്ടിയ അന്തരീക്ഷത്തിനെ കൂടുതല്‍ ശോകമൂകമാക്കിക്കൊണ്ട്‌ ഒരു അത്യാഹിതവാര്‍ത്തയും എത്തി. കൊറിയയുടെ അശ്വാഭ്യാസതാരം കിം ഹ്യുങ്ങ്‌ ചില്‍ മത്സരത്തിനിടെ കുതിരപ്പുറത്തുനിന്നും വീണു മരണമടഞ്ഞു. ഇന്നു രാവിലെ വ്യക്തിഗത ക്രോസ്‌കണ്‍ട്രി മല്‍സരത്തിനിടെ സ്പോര്‍ട്സ്‌ സിറ്റിയിലെ താല്‍ക്കാലിക വേദിയിലായിരുന്നു അപകടം നടന്നത്‌. സോളില്‍ നിന്നുള്ള 47 കാരനായ കിമ്മിന്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌.


ഇന്ന് നീന്തല്‍ക്കുളത്തിലെ താരമായത്‌ ഇറാഖില്‍ നിന്നുള്ള അമീര്‍ അലി ആയിരുന്നു. 200 മീറ്റര്‍ ബാക്ക്‌ സ്ട്രോക്കില്‍ ഏറ്റവും ഒടുവിലായാണ്‌ ഫിനിഷ്‌ ചെയ്തതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ അലിയെ വളയുകയായിരുന്നു. കാരണം മീറ്റില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ അമീര്‍ അലി. പ്രായം വെറും പത്ത്‌ വയസ്സ്‌!

6 Comments:

Blogger Physel said...

മഴ മേഘങ്ങള്‍ വില്ലന്മാരാവുന്നു! ദോഹ ഏഷ്യന്‍ ഗെയിംസഇല്‍ നിന്നുള്ള മറ്റു ചില വിശേഷങ്ങളുമായി വീണ്ടും.

6:45 AM  
Blogger Unknown said...

ഫൈസലേ,
കിടിലം, ആ നിന്തല്‍ താരത്തിന്റെ (അമീര്‍ അലി )ചിത്രം,നല്ല ചിത്രം! 10/10
നല്ല റിപ്പോര്‍ട്ടും!

അഭിനന്ദനങ്ങള്‍!
ഭാഗ്യവാന്‍, ഇതൊക്കെ കാണാനും ഫോട്ടം പിടിക്കാനും അവസരം കിട്ടിയില്ലോ!
റിപ്പോര്‍ട്ടറാണോ?മീഡിയാ പാസ്സുണ്ടോ? നീന്തല്‍ ചിത്രം അടുത്തു നിന്നെടുത്തപോലെയുണ്ടെല്ലോ!

7:10 AM  
Blogger krish | കൃഷ് said...

ഫൈസല്‍: ദോഹ ഗെയ്മിന്റെ കവറേജ്‌ നന്നായിട്ടുണ്ട്‌. ചിത്രങ്ങളും. തുടരുക..മലയാളം ബ്ലോഗിന്റെ ഔദ്യോഗിക റിപ്പോര്‍ടറായിട്ട്‌.

കൃഷ്‌ | krish

8:24 AM  
Blogger ബിന്ദു said...

ആ നീന്തുന്ന ഫോട്ടൊ ഉഗ്രന്‍!:)

1:39 PM  
Blogger Sapna Anu B.George said...

ഫൈസലേ..നീന്തല്‍ താരത്തിന്റെ ചിത്രം ഉഗ്രനായിട്ടുണ്ട് കേട്ടോ.. ക്രിഷ് പറഞ്ഞതുപോലെ ബ്ലോഗിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടറായി ഉപവിഷ്ടനാകൂ സഹോദരാ...

6:04 AM  
Blogger സു | Su said...

നീന്തല്‍ പണ്ട് കാര്യമായി എടുത്തിരുന്നെങ്കില്‍ ഇങ്ങനെ വെള്ളത്തില്‍ കിടക്കാമായിരുന്നു. :)

6:18 AM  

Post a Comment

<< Home