അറബികള്‍ക്ക് മഴ "സലാമത്തി"ന്റെയാണ്. മഴ അഭിവൃദ്ധികൊണ്ടുവരും എന്നു വിശ്വാസം. പക്ഷേ സംഘാടകരുടെയും അത്ലറ്റുകളുടെയും മുഖത്ത് ഇതെങ്ങിനെയെങ്കിലും ഒന്നു നിന്നു കിട്ടിയാല്‍ മതി എന്ന ഭാവമായിരുന്നു. ദോഹയുടെ ആകാശത്ത് ഇന്നലെയും കാര്‍മേഘങ്ങള്‍ ഒഴിഞ്ഞില്ല. ഔട് ഡോര്‍ മത്സരങ്ങളുടെ സമയക്രമങ്ങള്‍ മുഴുവന്‍ തലകീഴാക്കിയ മഴയുടെ വികൃതിക്ക് മുന്നില്‍ പലമത്സരങ്ങളും മണിക്കൂറുകളോളം വൈകി. വനിതാ ടീം ടെന്നീസ് ഫൈനല്‍ കഴിയുമ്പോള്‍ മണി ഒന്നര. ഉച്ചയല്ല നട്ടപ്പാതിര! തണുപ്പും ഈറനും പിടിച്ച് ആകെ വശക്കേടായ കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അടിതെറ്റി. ആദ്യ സിംഗിള്‍സില്‍ ശിഖയും ഡബിള്‍സില്‍ സാനിയയും ശിഖയും അടങ്ങുന്ന ടീമും ചൈനീസ് തായ്പേയ് താരങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കിയതോടെ ഉറച്ച ഒരു സ്വര്‍ണ്ണമെഡല്‍ വെള്ളിയ്ക്ക് വഴിമാറി. രണ്ടാം സിംഗിള്‍സില്‍ സാനിയ എതിരാളിയെ നിലംതൊടാതെ പറപ്പിച്ചത് മാത്രം മിച്ചം. ടെന്നീസില്‍ ഇന്നത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.രോഹന്‍ ഭൂപണ്ണ ചൈനയുടെ സുന്‍ പെങ്ങിനോട് 3-6, 3-6 എന്ന ക്രമത്തില്‍ പരാജയപ്പെട്ടത് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവരും തങ്ങളുടെ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം, ഇന്നലെവരെ ഒരാള്‍ തെക്കോട്ടു പോകുമ്പോള്‍ അപരന്‍ വടക്കോട്ടേ പോകൂ എന്നു വാശിപിടിച്ചിരുന്ന ലിയാന്‍ഡര്‍പേസും മഹേഷ്ഭൂപതിയുമടങ്ങുന്ന ഡബിള്‍സ് ടീം ഹോങ്കോങ്ങ് ജോടിയെ 6-0, 6-4 എന്ന ക്രമത്തില്‍ തകര്‍ത്തതാണ്. ഏഷ്യന്‍ ഗെയിംസിലെ നിലവിലുള്ള ജേതാക്കളും, ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ജോടികളുമായിരുന്ന ഇവര്‍ക്കുമുന്നില്‍ ഒന്നു പൊരുതിനോക്കാന്‍ പോലും ഹോങ്കോങ്ങ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കളിയില്‍ ഇന്‍ഡ്യന്‍ ജോടികള്‍ കാണിച്ച മികച്ച പരസ്പര ധാരണ ഒരു ശുഭസൂചകമായ തുടക്കമാകട്ടെ എന്ന് പ്രാര്‍ഥിക്കാം.
മഴ നനഞ്ഞ് തണുത്ത തുടക്കമായിരുന്നെങ്കിലും ഇന്ന് അത്‌ലറ്റിക് വേദിയായ ഖലീഫാ സ്റ്റേഡിയത്തില്‍ ആവേശത്തിന്റെ രസനിരപ്പ് മുകളിലേക്ക് ഉയര്‍ന്നു. പ്രധാന വേദിയിലെ പുതുപുത്തന്‍ ട്രാക്കില്‍നിന്നും ഇന്‍ഡ്യ ഇന്ന് മൂന്ന് മെഡലുകള്‍ വെട്ടിപ്പിടിച്ചു. വനിതകളുടെ 800 മീറ്ററില്‍ ശാന്തി സൗന്തര്‍രാജന്‍ വെള്ളിനേടിയപ്പോള്‍, വനിതകളുടെ ഹെപ്റ്റാത്തലണില്‍ വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തു. യഥാക്രമം സോമ ബിശ്വാസ് വെള്ളിയും ശോഭ ജെ.ജെ. വെങ്കലവും. 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ഷൂട്ടിങ്ങില്‍ മൂന്ന് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഇതുവരെയായി ഇന്‍ഡ്യന്‍ താരങ്ങള്‍ വെടി വെച്ചിട്ടു. പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തിലും, 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനത്തിലും സ്വര്‍ണ്ണം നേടിയ ജസ്പാല്‍ റാണയുടെ പ്രകടനം അവിസ്മരണീയവുമായി. ഇപ്പോള്‍ 6 സ്വര്‍ണ്ണവും, 11 വെള്ളിയും, 11 വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. പുരുഷന്മാരുടെ 1500 മീറ്ററില്‍ ഹംസ ചേനോളിയും വനിതകളുടെ 400 മീറ്ററില്‍ മന്‍ജിത് കൗറും ഫൈനലില്‍ എത്തിയിട്ടുണ്ട്.
ഇതാ ഇപ്പോള്‍ ഏഷ്യയുടെ ഏറ്റവും വേഗമേറിയ ഓട്ടക്കാര്‍ ആരൊക്കെ എന്നുതീരുമാനിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാരുടെ നൂറ്‌മീറ്ററില്‍ സൗദി അറേബ്ബ്യയുടെ ഹബീബ് ഹസ്സന്‍ യാഹ്യ 10.32 സെക്കന്റിലും വനിതകളുടെ നൂറ് മീറ്ററില്‍ ഉസ്ബെക്കിസ്ഥാന്റെ ഗുസെല്‍ ഖുബ്ബിയേവ 11.27 സെക്കന്റിലും ഓടിയെത്തി ഏഷ്യയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാര്‍ എന്ന ബഹുമതി സ്വന്തമാക്കി.
മിനിഞ്ഞാന്ന് അശ്വാഭ്യാസ മല്‍സരത്തിനിടെ കുതിരപ്പുറത്തുനിന്നും വീണുമരിച്ച കൊറിയയുടെ അശ്വാഭ്യാസ താരം കിം ഹ്യുങ്ങ് ചില്ലിന് ഉചിതമായ ഒരു സ്മാരകം പണിയുമെന്ന് ദോഹ ഏഷ്യന്‍ ഗെയിംസ് കമ്മറ്റി അധികൃതര്‍ അറിയിച്ചു. ദുരന്തം നടന്നത് മോശമായ കാലാവസ്ഥയില്‍ മത്സരം നടത്തിയതു മൂലമാണെന്ന ആരോപണവും അവര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. അതിനിടെ അപകടത്തിനിരയായ കുതിരയുടെ പിന്‍ കാലിന് മാരകമായ പരിക്ക് ഏറ്റിരിക്കുന്നതിനാല്‍ അതിനെ ദയാവധം നടത്താന്‍ കൊറിയന്‍ അധികൃതര്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു. കുതിരയെ തങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിച്ചുകൊള്ളാമെന്ന് ഖത്തര്‍ ഇക്വാസ്റ്റ്രിക് ക്ലബ് അധികൃതര്‍ കൊറിയന്‍ ടീമിനെ അറിയിച്ചിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
പോയവാരം കാണികളുടെ അഭാവം കൊണ്ടാണ് പലമത്സരങ്ങളും ശ്രദ്ധേയമായത്. ഫുട്ബാള്‍, വോളീബാള്‍, കബഡി തുടങ്ങി ചുരുക്കം ചില ഇനങ്ങളിലൊഴിച്ച് പലമത്സരങ്ങളും കാണാന്‍ ഒഫീഷ്യല്‍സും വളന്റിയേഴ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടേബിള്‍ടെന്നീസ് വേദിക്ക് അരികിലൂടെ പോവണ്ട, അവര്‍ തൂക്കിയെടുത്ത് കളികാണിക്കും എന്നയിരുന്നു മീഡിയാ സെന്ററിലെ തമാശ. ഖത്തര്‍, ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ പിന്നെ ഒരളവു വരെ യൂ.ഇ.ഈ എന്നീരാജ്യങ്ങളിലെ കളിക്കാരെ മാത്രമേ പ്രൊത്സാഹിപ്പിക്കാന്‍ പോലും ആളുണ്ടായിരുന്നുള്ളൂ. കാണികളുടെ കുറവുനികത്താന്‍ സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഇറക്കുമതി ചെയ്യുക എന്ന് പഴയ വിദ്യ ചിലയിടങ്ങളില്‍ ആവര്‍ത്തിക്കേണ്ടിയും വന്നു. ഓഫീസുകള്‍ക്ക് അവധി നല്‍കാതിരുന്നതും പിന്നെ തണുപ്പുള്ള കാലാവസ്ഥയുമായിരുന്നു ആളുകളെ ഒരു പരിധിവരെ മത്സരവേദികളില്‍നിന്ന് അകറ്റി നിര്‍ത്തിയത്. എന്നാല്‍ ഇന്നലെ മുതല്‍ ചിത്രം മാറിയിട്ടുണ്ട്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ ആരംഭിച്ചതോടെ ഖലീഫ സ്റ്റേഡിയത്തില്‍ ടിക്കറ്റിനായി മണീക്കൂറുകളൊളം നീണ്ട ക്യൂ ആയിരുന്നു ഇന്നലെ. ഇന്നലെ അവധി ദിനമായതുകൊണ്ടാവാം എന്നു കരുതിയെങ്കിലും ഇന്നും സ്പോര്‍ട്സ് സിറ്റിയില്‍ അടുക്കാന്‍ വയ്യാത്ത തിരക്കായിരുന്നു.